തിരുവല്ല: മണിമലയാറ്റിൽ നഴ്സിംഗ് വിദ്യാർഥി മുങ്ങി മരിച്ചു. കറ്റോട് മുതിരക്കാലായിൽ തോമസ് ജോണിന്റെയും അന്നമ്മയുടെയും മകൻ ജോയൽ തോമസ് (20) ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30ന് മണിമലയാറ്റിൽ കറ്റോട് കാട്ടുവള്ളിക്കാട് കടവിൽ ആയിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ അകപ്പെടുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബംഗളൂരുവിൽ മൂന്നാം വർഷം നഴ്സിംഗ് വിദ്യാർഥിയായ ജോയൽ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. ഏക സഹോദരൻ: ജോബിൻ.
അച്ചൻകോവിലാറ്റിൽ യുവാവിനെ കാണാതായി
പന്തളം: അച്ചൻകോവിലാറ്റിൽ യുവാവിനെ കാണാതായി. കലയപുരം പെരുങ്കുളം പുത്തൻവീട്ടിൽ മേലേതിൽ ബാബു (53)വിനെയാണ് കാണാതായത്.
ഇന്നലെ രാവിലെ ആറോടെ പാലത്തിന്റെ കൈവരിയിൽ ബാബുവിന്റെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാബുവിന്റെ സ്കൂട്ടർ പന്തളം ടൗണിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്.